പാലക്കാട്ടെ തോല്‍വി; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ല ; ചോദ്യങ്ങളോട് പ്രതികരിച്ച് വി മുരളീധരന്‍

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്ന് മുരളീധരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിര്‍ത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്. അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ തോറ്റതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

അതേസമയം, വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഒരു മുഴം മുമ്പെറിഞ്ഞുള്ള നീക്കമാണ് കെ സുരേന്ദ്രന്‍ നടത്തിയത്. രാജി സന്നദ്ധത സുരേന്ദ്രന്‍ അറിയിച്ചെങ്കിലും വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയും കെ സുരേന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാലക്കാട് തോല്‍വിയില്‍ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ സുരേന്ദ്രന്‍ മാറില്ലെന്ന് വ്യക്തമാക്കുന്നത്. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു ജവദേക്കറിന്റെ ട്വീറ്റ്.