6,55,289! ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം, മരതക ദ്വീപിൽ പുതു ചരിത്രമെഴുതി ഡോ. ഹരിണി, ചുവന്ന് തുടുത്ത് ലങ്ക

ഇതിനിടെ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡും സ്വന്തമാക്കി.

ശ്രീലങ്കയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലും ഇടത് തരംഗം. പ്രസിഡന്‍റ് അനുര ദിസനായകെയുടെ എൻ പി പി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കി. തമിഴ് ഭൂരിപക്ഷ വടക്കൻ പ്രവിശ്യയടക്കം തൂത്തുവാരിയാണ് എൻ പി പി മുന്നേറിയത്. ഇതിനിടെ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡും സ്വന്തമാക്കി.

കൊളംബോയിൽ 6,55,289 ഭൂരിപക്ഷം നേടിയാണ് ഹരിണി ലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. 2020 ൽ മഹിന്ദ രജപക്സെ നേടിയ 5,27,364 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹരിണിയുടെ പടയോട്ടത്തിന് മുന്നിൽ വഴിമാറിയത്. ഇടതുസഖ്യമായ എൻ പി പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും ഹരിണി തന്നെയാണ്.

മരതക ദ്വീപാകെ രാഷ്ട്രീയ ചുവപ്പ് പടർത്തിയ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലും പാർലമെന്‍റ് മന്ദിരത്തിലും ഒരേസമയം ഇടത് ആധിപത്യം കൂടിയാണ് ഉറപ്പിച്ചത്. എൻ പി പി സഖ്യം 225 അംഗ പാർലമെന്‍റിലെ 159 സീറ്റുകളിലും വിജയിച്ചാണ് ചരിത്രം കുറിച്ചത്. 2020 ൽ മൂന്ന് സീറ്റ് മാത്രം നേടിയ എൻ പി പിയുടെ സ്വപ്ന മുന്നേറ്റത്തിൽ, തമിഴ് ഭൂരിപക്ഷ വടക്കൻ പ്രവിശ്യയും ഇടത്തേക്ക് മാറുകയായിരുന്നു. സിംഹള പാർട്ടിയെന്ന് വിലയിരുത്തപ്പെടുന്ന അനുരയുടെ ജെ വി പി, ജാഫ്ന ജില്ലയിൽ ചരിത്രത്തിലാദ്യമായി വിജയം നേടിയതും തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.