വിവാഹദിവസം നവവധു കൂട്ടബലാത്സംഗത്തിനിരയായി, വരന് മര്‍ദ്ദനം , സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍

കല്യാണി/കൊല്‍ക്കത്ത: ബംഗാളില്‍ നവവധുവിനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. കാഞ്ചരപ്പാറ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സംഗത്തിനിരയായത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശാനക്കിയ ശേഷമാണ് യുവതിയെ അതിക്രമിച്ചത്. വിവാഹത്തില്‍ എതിര്‍പ്പുയര്‍ത്തിയ ബന്ധുക്കള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ദമ്പതികള്‍ കാഞ്ചരപ്പാറ സ്റ്റേഷനില്‍ രാത്രി തങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിനാല്‍ റെയില്‍വേ ഉദ്യോ?ഗസ്ഥര്‍ ഇവരെ സ്റ്റേഷനില്‍ നിന്ന് പുറത്താക്കി.

പിന്നീട് റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോകവെ കല്യാണി ബരാക്പൂര്‍ എക്സ്പ്രസ്വേയിലെ കാഞ്ചരപ്പാറ റെയില്‍വേ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയില്‍ നാട്ടുകാരായ ചില യുവാക്കള്‍ യുവതിയെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചു. പിന്നീട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. യുവതി കല്യാണി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.