മൈനാഗപ്പള്ളി അപകടം; അജ്മലും ശ്രീക്കുട്ടിയും ഹോട്ടലിൽ താമസിച്ച് രാസലഹരി ഉപയോഗിച്ചതായി കണ്ടെത്തി

ഇരുവരും കഴിഞ്ഞ 14ന് ഒരുമിച്ച് താമസിച്ച ഹോട്ടലിൽ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

മൈനാഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ നിന്നാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞ 14ന് ഒരുമിച്ച് താമസിച്ച ഹോട്ടലിൽ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്നതിനുള്ള ട്യൂബുമാണ് പോലീസ് ഹോട്ടല്‍ മുറിയിൽ നിന്ന് കണ്ടെത്തിയത്. അപകടം നടന്നതിന്‍റെ തലേദിവസമാണ് പ്രതികള്‍ കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ എത്തിയത്. ഹോട്ടലിൽ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഈ മാസം മൂന്നു തവണ ഇതേ ഹോട്ടലിൽ ഇവര്‍ മുറിയെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പോലീസ്ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതിനിടെ, പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കും.