ഭക്ഷണം വേവുന്നത് വരെ കാത്തിരിക്കാന്‍ പറയുന്നത് പ്രകോപനമല്ല; ഭര്‍ത്താവിനെതിരായ കൊലക്കുറ്റം ശരിവെച്ച് കോടതി

ഭുവനേശ്വര്‍; ഭക്ഷണത്തിന് കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ യുവാവിന്റെ കൊലപാതക കുറ്റം ശരിവെച്ച് ഒറീസ ഹൈക്കോടതി . ഭാര്യ പ്രകോപനമുണ്ടാക്കിയത് കൊണ്ടാണ് വെട്ടിയതെന്നും അതിനാല്‍ കൊലപാതക കുറ്റമാകില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതി റായ് കിഷോര്‍ ജെന ഹൈക്കോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ എസ് കെ സാഹു, ചിത്തരഞ്ജന്‍, ദാഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ജോലി കഴിഞ്ഞ് വിശന്ന് എത്തിയ ഭര്‍ത്താവിനോട് ഭക്ഷണത്തിനായി അല്‍പ്പം കാത്തിരിക്കണമെന്ന് പറഞ്ഞതിനാണ് പ്രതിയായ റായ് കിഷോര്‍ ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ പ്രകോപനമാകില്ലെന്നും കോടതി കണ്ടെത്തി. വീട്ടമ്മ പെട്ടെന്നുള്ള ഒരു പ്രകോപനവുമുണ്ടാക്കിയതായി പറയാനാവില്ല. സംഭവ ദിവസം പെട്ടെന്ന് പ്രകോപനമുണ്ടാക്കത്തക്ക രീതിയില്‍ വഴക്കുകളും നടന്നില്ല. ഭക്ഷണം വൈകും എന്ന പറഞ്ഞയുടനെ വാക്കത്തി കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലും മുഖത്തും ചെവിയിലും ഒന്നിലധികം തവണ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായും കോടതി നിരീക്ഷിച്ചു.