തീവ്രവാദി പരാമര്‍ശം; കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു

രാഹുല്‍ ഗാന്ധിക്കെതിരെ തീവ്രവാദി പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കര്‍ണാടക പിസിസി ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയട്ടുണ്ട്.കേന്ദ്രമന്ത്രിക്കെതിരെയുള്ള കേസ് രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത് ബാഗളൂരുവിലാണ്.

രാഹുല്‍ ഗാന്ധി നമ്പര്‍ 1 ഭീകരവാദി എന്ന പരാമര്‍ശമാണ് കേന്ദ്ര മന്ത്രി രവ്നീത് സിങ് ബിട്ടു നടത്തിയത്. അമേരിക്കയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ബിട്ടുവിന്റെ വാക്കുകള്‍. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് ബിട്ടു.

രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. മുഴുവന്‍ സമയവും രാഹുല്‍ വിദേശത്താണ്. വിദേശത്തുപോയി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. രാഹുലിന് സ്വന്തം രാജ്യത്തോട് സ്‌നേഹമില്ല. വിഘടനവാദികളും തോക്കുകളും ബോംബുകളും നിര്‍മ്മിക്കുന്നവരുമെല്ലാം രാഹുല്‍ പറഞ്ഞ കാര്യങ്ങളെ അഭിനന്ദിക്കുകയാണ്, എന്നായിരുന്നു ബിട്ടുവിന്റെ വിമര്‍ശനം.