ജമ്മു കശ്‌മീരില്‍ വാഹനം മറിഞ്ഞ് 5 സൈനികര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ സൈനിക വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചു ജവാന്മാര്‍ക്കു ദാരുണാന്ത്യം. നിരവധി പേര്‍ക്കു പരുക്ക്. പൂഞ്ച് ജില്ലയിലെ ഘോറ പോസ്‌റ്റിനു സമീപം ഇന്നലെ വൈകിട്ട് 5.40നാണ് അപകടം.
മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ സൈനികരുമായി നീലം ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍നിന്ന് നിയന്ത്രണരേഖയിലെ ബനോയി ഘോറ പോസ്‌റ്റിലേക്കു പോയ വാഹനമാണ് ദുരന്തത്തില്‍പ്പെട്ടത്. റോഡില്‍നിന്നു തെന്നിമാറിയ വാഹനം ഇരുനൂറടിയോളം താഴ്‌ചയിലേക്കു മറിയുകയായിരുന്നു.
സേനാംഗങ്ങളും ജമ്മു-കശ്‌മീര്‍ പോലീസും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. തലകീഴായി മറിഞ്ഞ ട്രക്കില്‍നിന്ന് സൈനികരെ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, ഗുരുതരപരുക്കേറ്റ അഞ്ചുപേര്‍ മരിച്ചു. ചികിത്സയിലുള്ളവരില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. പതിനഞ്ചോളം പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നു കരുതുന്നു.