യുഎസ് ലോഞ്ചറിനെ വെല്ലും ഇന്ത്യയുടെ 'പിനാക്ക' വാങ്ങാൻ ഫ്രാൻസും അർമേനിയയും
'പിനാക്ക' വാങ്ങാൻ ഫ്രാൻസും അർമേനിയയും താൽപ്പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1999-ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരം. 'പിനാക്ക' വാങ്ങാൻ ഫ്രാൻസും അർമേനിയയും താൽപ്പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഒരുമിച്ച് ഉന്നംവെക്കുന്ന സമയത്തെ ആയുധ സംവിധാനത്തിന്റെ പരിധി, കൃത്യത, സ്ഥിരത തുടങ്ങിയവ പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു പരീക്ഷണം. ഡി.ആർ.ഡി.ഒ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ തദ്ദേശീയമായി വികസിപ്പിച്ചതാണ് 'പിനാക്ക'.
പിനാക്കയുടെ പരീക്ഷണം പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ ആണ് നടത്തിയത്. വിവിധ ഫീൽഡ് ഫയറിങ് റേഞ്ചുകളിൽ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു പരീക്ഷണം. വ്യാഴാഴ്ച രണ്ട് ഇന്‍-സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍നിന്നും 12 റോക്കറ്റുകളുടെ പരീക്ഷണമാണ് ഡി.ആർ.ഡി.ഒ വിജയകരമായി പൂർത്തിയാക്കിയത്. പിനാക്കയുടെ പരീക്ഷണ വിജയത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒയെ പ്രശംസിച്ചു.
റോക്കറ്റ് സംവിധാനം ഇന്ത്യൻ സേനയിലേക്ക് സംയോജിപ്പിക്കുന്നതിന് മുൻപുള്ള എല്ലാ പരീക്ഷണങ്ങളും പൂർത്തിയായതായാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്. യുഎസിന്‍റെ എം 142 HIMARS റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന് തുല്യമായ സംവിധാനമാണ് ഇന്ത്യയുടെ പിനാക. 60 കിലോമീറ്റർ പരിധിയുള്ള ഫ്രീ-ഫ്ലൈറ്റ് ആർട്ടിലറി റോക്കറ്റ് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. മൾട്ടി-ട്യൂബ് ലോഞ്ചർ വെഹിക്കിൾ അടക്കമുള്ള സംവിധാനങ്ങളും ലോഞ്ചറിലുണ്ട്. മൾട്ടി-ബാരൽ റോക്കറ്റ് സിസ്റ്റത്തിൽ 6 റോക്കറ്റുകൾ വീതമുള്ള രണ്ട് പോഡുകൾ ഉണ്ട്.
പുതിയ ലോഞ്ചർ 72 റോക്കറ്റുകൾ വരെ വിക്ഷേപിക്കാൻ സാധിക്കുന്നതാണ് . ലോഞ്ചർ മാനുവൽ, റിമോട്ട്, സ്റ്റാൻഡ് എലോൺ, ഓട്ടോണമസ് മോഡുകളിൽ പ്രവർത്തിപ്പിക്കാനാകുമെന്ന പ്രത്യകതയും പുതിയ ലോഞ്ചറിനുണ്ട്. 1999-ലെ കാർഗിൽ യുദ്ധകാലത്താണ് പിനാക്കയുടെ ആദ്യവിന്യാസം. റഷ്യന്‍ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് ഇന്ത്യൻ സേനയിൽ പിനാക സംവിധാനം വിന്യസിക്കുന്നത്.