ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് ; 18% പലിശസഹിതം തിരിച്ചു പിടിക്കും ; നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കര്‍ശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ പണം കൈപ്പറ്റിയവരില്‍ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കാനാണ് നീക്കം. ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.

സംസ്ഥാനത്ത് അനധികൃത ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ആരോഗ്യവകുപ്പിലാണ്. പട്ടികയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, പാര്‍ടൈം സ്വീപ്പര്‍, ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് തുടങ്ങിയവരുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.

വിവിധ വകുപ്പുകളില്‍ നിന്നുമായി 1400 പേരാണ് ക്ഷേമപെന്‍ഷന്‍ തുക അനധികൃതമായി തട്ടിയെടുത്തത്. നേരത്തേ മണ്ണുസംരക്ഷണ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. പിരിച്ചുവിടല്‍ പോലെയുള്ള നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.