മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണങ്ങള്‍; എം പോക്സ് സമ്പർക്ക പട്ടികയിൽ 23 പേർ- ആരോഗ്യമന്ത്രി വീണാ ജോർജ്

നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണങ്ങളുളളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇന്നലെ മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും.

ദുബായിൽ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള എടവണ്ണ ഒതായി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.