ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സി.പി.എം കരുതേണ്ടെന്ന് കെ. സുരേന്ദ്രൻ

by

തൃശ്ശൂർ: ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതിനെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. അതുകൊണ്ട് ഗവർണറോട് സിപിഎമ്മിന് വിരോധം ഉണ്ടാവുക സ്വാഭാവികമെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണഘടന വിരുദ്ധമായ ബില്ലുകൾക്ക് ബില്ലുകൾക്ക് അംഗീകാരം നൽകാത്തതാണ് സിപിഐഎമ്മിന്റെ വിരോധത്തിന് കാരണമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഏത് ഗവർണർ വന്നാലും സി.പി.എം സർക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും ഗവർണർ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സി.പി.എം കരുതരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഗവർണർക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാധ്യമങ്ങളെ കണ്ട് മിലിത്യോസിന്റെ നിലപാട് സഭയുടെ നിലപാടല്ലെന്നു പറഞ്ഞിട്ടുണ്ട്. അവർ വളരെ മാതൃകാപരമായി ആണ് സംസാരിച്ചത്. ഒരു ബിഷപ്പ് പറയുന്നത് സഭയുടെ അഭിപ്രായമല്ല. എല്ലാ ക്രൈസ്തവ സമൂഹങ്ങളുമായിട്ടും കേന്ദ്രസർക്കാരിനും ബിജെപിക്കും നല്ല ബന്ധമാണുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ന്യൂനപക്ഷത്തിന് ലഭിക്കുന്ന പരിഗണന ക്രിസ്ത്യൻ സമൂഹത്തിനും ലഭിക്കണമെന്ന നിലപാടാണ് ബിജെപിക്കെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.