ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ പദ്ധതികളുമായി കെഎസ്ഇബി

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആദ്യപടിയെന്നോണം ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു.

കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി രംഗത്ത് . ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആദ്യപടിയെന്നോണം ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍‍കുട്ടി ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് നിര്‍‍വ്വഹിക്കും.

അതത് ഓഫീസുകളിലെ പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാർ ചേർന്ന് ചർച്ച ചെയ്യുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.

പുതിയ കണക്ഷനുകൾ അനുവദിക്കുന്നതിന് നിയമപരമായ തടസങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ നല്‍കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. ഒക്ടോബർ രണ്ട് മുതല്‍ എട്ട് വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഈ ദിനങ്ങളിൽ ജീവനക്കാർ ചേർന്ന് ഓഫീസും പരിസരവും വൃത്തിയാക്കുകുയും അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റുകയും ചെയ്യും.