പാലക്കാട്ട് ആളുവില വോട്ടുവില; വോട്ടുകണക്കുകൾ കടുപ്പം, പ്രവചനാതീതം | Palakkad by-election 2024

Video Credits | Presentation - P Bhagyasree, Edit - Sujeesh M, Camera - Shaheer CH

· Mathrubhumi

ചാഞ്ഞും ചെരിഞ്ഞും മുന്നോട്ടുപോകുന്ന കോൺ​ഗ്രസ്സ്, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ ആത്മവിശ്വാസത്തിൽ ബിജെപി. രണ്ടിനുമിടയിൽ അകപ്പെട്ട് സിപിഎം. അടുത്ത കാലത്തായി ബിജെപി ഏറ്റവും സൂക്ഷ്മതയോടെ സമീപിക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിൽ, അതിനിടയിലാണ് ഒരു ഉപതിരഞ്ഞെടുപ്പ് വരുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തു തന്നെ തുടങ്ങിയതാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഒരു ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ. പലകാരണങ്ങളാൽ പാലക്കാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ അത്ര ചെറുതല്ലാത്ത സ്ഥാനമുണ്ട് ഈ ഉപതിരഞ്ഞെടുപ്പിന്. കടുത്ത മത്സരം നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചയാൾ റെക്കോർഡ് ഭൂരിപക്ഷം നേടുക, അങ്ങനെ ജയിച്ച സ്ഥാനാർഥിയുടെ പാർട്ടിക്ക് വോട്ടുവിഹിതം കുറയുക, ആഴത്തിൽ നോക്കിയാൽ ഇനിയുമുണ്ട് പാലക്കാടൻ വോട്ടു കണക്കുകൾ. വ്യക്തിപ്രഭാവമുള്ള ബിജെപി സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ കിട്ടുന്ന നാടാണ് പാലക്കാടെന്ന് അവിടത്തെ വോട്ടുചരിത്രം പരിശോധിച്ചാൽ അറിയാം. രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനം, കത്തുവിവാദം മുതൽ മറുകണ്ടം ചാടി മണിക്കൂറുകൾക്കുള്ളിൽ അപ്പുറത്ത് സ്ഥാനാർഥിയാവുന്നതുവരെ കൊണ്ടു ചെന്നെത്തിച്ചു കാര്യങ്ങൾ. ട്രോളി വിവാദം പോലുള്ളവയും അതിനിടെ നടന്നു. കടുത്ത കോൺ​ഗ്രസ് വിമർശകനായ സന്ദീപ് വാര്യർ ബിജെപിയിൽ നിന്ന് രാജിവെച്ച് ഇപ്പുറത്തെ പടയാളിയായതും നമ്മൾ കണ്ടു. രാജ്യത്തെ കോൺ​ഗ്രസുകാർ കാത്തിരുന്ന പ്രിയങ്കാ ​ഗാന്ധിയുടെ പാർലമെന്ററി രാഷ്ട്രീയ പ്രവേശത്തിന് അരങ്ങൊരുങ്ങിയ വയനാട്ടിലില്ലാത്ത ആവേശമായിരുന്നു പാലക്കാട്ട്.

To advertise here, Contact Us

ബിജെപിക്ക് മുൻതൂക്കമുള്ള പാലക്കാട് ന​ഗരസഭയും ഇപ്പുറത്ത് കോൺ​ഗ്രസ് കോട്ടയായ പിരായിരി, സിപിഎമ്മിന് മുൻതൂക്കമുള്ള കണ്ണാടി, മാത്തൂർ പഞ്ചായത്തുകളുമാണ് വോട്ടിട്ടത്. വടകരവഴി ലോക്സഭയിലേക്ക് പോയെങ്കിലും എങ്ങും പോയിട്ടില്ലെന്ന പ്രതീതി ജനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിനൊപ്പം ഷാഫി പറമ്പിലുണ്ട്. പണ്ട് ഒ. രാജ​ഗോപാൽ നേമത്ത് തുറക്കുകയും കഴിഞ്ഞ തവണ ശിവൻകുട്ടി പൂട്ടുകയും ചെയ്ത ബിജെപി അക്കൗണ്ട് തൃശ്ശൂർ തരം​ഗത്തിൽ വീണ്ടും തുറക്കുമെന്ന് ആത്മവിശ്വാസം കൊള്ളുന്ന സി.കൃഷ്ണകുമാറും, അപ്പുറത്ത് പോയ ഡോക്ടർ പി.സരിനും പ്രചാരണ രം​ഗത്ത് ഒട്ടും പിന്നോട്ടല്ല.

വ്യക്തിയോ മുന്നണിയോ അതോ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയോ?, എന്താവും ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക?. കഴിഞ്ഞ കുറച്ച് കാലത്തെ തിരഞ്ഞെടുപ്പ് കണക്കുകൾ ഈ ഉപതിരഞ്ഞെടുപ്പിനോട് പറയുന്നത് എന്താണ്?.

അത്ര തകർപ്പൻ മാർജിനിൽ ഒരു സ്ഥാനാർഥിയും വിജയിക്കാത്ത ഒരു മണ്ഡലമാണ് പാലക്കാട് എന്നത് ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രത്യേകം എടുത്തു പറയണം. മണ്ഡല ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ, 17483 വോട്ടിന് 2016 ൽ കോൺ​ഗ്രസുകാരനായ ഷാഫി പറമ്പിൽ വിജയിക്കുമ്പോൾ എൻ ഡി എയ്ക്ക് കൂടിയത് പത്തുശതമാനം വോട്ടാണ്. ചരിത്രത്തിലാദ്യമായി പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് മൂന്നാമതായിപ്പോയ തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. അതായത് എൻഡിഎ ആദ്യമായി രണ്ടാം സ്ഥാനത്തെത്തിയ തിരഞ്ഞെടുപ്പ്. മൂന്നു തവണ പാലക്കാട്ട് നിന്ന് എംപിയായ എൻ എൻ കൃഷ്ണദാസ് ആയിരുന്നു അന്ന് എൽഡിഎഫ് സ്ഥാനാർഥി. ഇടതുപക്ഷത്തിന് നഷ്ടമായത് ഏഴ് ശതമാനം വോട്ട്. ശോഭാ സുരേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാർഥി. 2016ലെ ആ തിരഞ്ഞെടുപ്പ് കഴിഞ്ഞ്, 2021 ലെ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരനെത്തിയപ്പോൾ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ച അതേ ഷാഫിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ് നാലിലൊന്നിനും താഴെയായി. ഷാഫി ജയിച്ചത് 3859 വോട്ടിനാണ്. ശോഭ പിടിച്ച വോട്ടിനൊപ്പം ഇ ശ്രീധരന് ലഭിച്ച വ്യക്തിപരമായ വോട്ടുകൂടി ചേർന്നപ്പോഴാണ് ഷാഫിക്ക് ഭൂരിപക്ഷം കുറ‍ഞ്ഞത് എന്നാണ് യുഡിഎഫ് ചേരിയിലെ കണക്കുകൂട്ടൽ. എൽഡിഎഫിന് ആ തിരഞ്ഞെടുപ്പിലും വോട്ട് നില താഴോട്ടായിരുന്നു.

2009 ലെ മണ്ഡല പുനഃസംഘടനക്ക് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും ജയിച്ചത് കോൺ​ഗ്രസിന്റെ ഷാഫി പറമ്പിലാണ്. അഞ്ചുതവണ ജയിച്ച സി.എം സുന്ദരത്തിന് ശേഷം പാലക്കാട് ഏറ്റവും കൂടുതൽ തവണ ജയിപ്പിച്ചു വിട്ട ഷാഫി പറമ്പിലിന് അവസാനത്തെ രണ്ട് തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തു നിന്നല്ല വലിയ മത്സരം നേരിടേണ്ടി വന്നത്. ബിജെപിയിൽ നിന്നാണ്. ആ മൂന്നു തിരഞ്ഞെടുപ്പ് കൊണ്ട് വോട്ടുവിഹിതത്തിൽ യുഡിഎഫിന് നഷ്ടമായത് നാല് ശതമാനം വോട്ടാണ്. അതേസമയം എൻഡിഎ ഈ മൂന്നു തിരഞ്ഞെടുപ്പു കൊണ്ട് നേടിയത് 16 ശതമാനം കൂടുതൽ വോട്ടുകളും. കോൺ​​ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരത്തിൽ താഴേക്ക് പതിച്ചത് എൽഡിഎഫ് വോട്ടുബാങ്കാണ്. 2006 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നഷ്ടം വന്നത് ആകെ പത്തുശതമാനം വോട്ടാണ്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനുള്ളിൽ പാലക്കാട് മണ്ഡലം ഏറ്റവും കൂടുതൽ വോട്ട് ഷെയർ നൽകി വിജയിപ്പിച്ചത് കോൺ​ഗ്രസ് നേതാവും മന്ത്രിയും ​ഗവർണറുമൊക്കെയായിരുന്ന കെ ശങ്കരനാരായണനെയാണ്. 2001 ൽ ആന്റണി മൂന്നാമതും മുഖ്യമന്ത്രിയായ ആ തിരഞ്ഞെടുപ്പിൽ 48.51% വോട്ടുകളാണ് കോൺ​ഗ്രസ് നേടിയത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ, 2006 ൽ, എവി ​​ഗോപിനാഥൻ മത്സരിച്ചപ്പോൾ മുന്നണിക്ക് 13 ശതമാനം വോട്ട് കുറഞ്ഞ് വോട്ട് വിഹിതം 35.76 ആയി. അന്ന് ജയിച്ചത് എൽഡിഎഫ് സ്ഥാനാർഥി കെ.കെ ദിവാകരൻ. 2011 ൽ അതേ ദിവാകരനെതിരെ ഷാഫി പറമ്പിൽ കളത്തിലിറങ്ങിയപ്പോൾ അതിൽ ഏഴുശതമാനം തിരിച്ചുപിടിച്ച് കോൺ​ഗ്രസിന്റെ വോട്ടുനില 42.41 ശതമാനമാക്കി. 2016 ൽ വലിയ വോട്ടിന് ജയിച്ചെങ്കിലും വോട്ടുശതമാനം 41.77 ആയി കുറഞ്ഞു. ഷാഫിയുടെ മൂന്നാം വരവിൽ വോട്ട് ഷെയർ വീണ്ടും കുറഞ്ഞ് 38.06 ശതമാനമായി. ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഈ പത്തുശതമാനത്തിനുള്ളിൽ കൂടിയും കുറഞ്ഞുമായിരുന്നു കോൺ​ഗ്രസ്സിന്റെ വോട്ടുവിഹിതം.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, മണ്ഡലക്കണക്കെടുത്താൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കാണ് പാലക്കാട്ട് രണ്ടാം സ്ഥാനം. ആ ആത്മവിശ്വാസത്തിൽ പ്രവർത്തിക്കുന്ന എൻഡിഎ യോടാണ് കോൺ​ഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിലെ പി സരിനും മത്സരിക്കുന്നത്. കഴിഞ്ഞ മൂന്നു തവണയും ജയിച്ചത് യുഡിഎഫാണ് എന്നതുമാത്രമല്ല, മെട്രോമാൻ മത്സരിച്ചപ്പോൾ കുറ‍ഞ്ഞ 3859 വോട്ടിന്റെ അന്തരം, ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡല പരിധിയിൽ 9707 ആയി ഉയർന്നു എന്ന ആശ്വാസക്കണക്കും കോൺ​ഗ്രസിന് മുന്നിലുണ്ട്.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷക്കണക്കുകൾ ഇങ്ങനെയാണ്. 2011 ൽ ഷാഫി പറമ്പിലിന് കിട്ടിയ ഭൂരിപക്ഷം 7403, 2016 ൽ രണ്ടാമൂഴത്തിൽ 17483, 2021 ൽ മൂന്നാമൂഴത്തിൽ 3859. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയസഭാ മണ്ഡലത്തിൽ എൻഡിഎയെ ആദ്യമായി രണ്ടാമതെത്തിച്ച സി.കൃഷ്ണകുമാറാണ് ഇത്തവണ സ്ഥാനാർഥി. മാസങ്ങളുടെ ഇടവേളയിലാണ് വീണ്ടും വോട്ടു തേടി അതേ കൃഷ്ണകുമാർ വോട്ടർമാർക്ക് മുന്നിലെത്തുന്നത്. ആ തിരഞ്ഞെടുപ്പിലൊക്കെ കോൺ​ഗ്രസിന്റെ സൈബർ പട നയിച്ച, ഷാഫിയടങ്ങുന്ന കോൺ​ഗ്രസിലെ യുവതുർക്കികളിൽ ഒരാളായിരുന്ന പി സരിനാണ് എൽഡിഎഫ് സ്ഥാനാർഥി. അതായത്, കൃഷ്ണകുമാറിനും സരിനും പാലക്കാട് നിയസഭാ മണ്ഡലത്തിന്റെ മുക്കും മൂലയും അറിയാം. രാഹുലിന് അത്ര അറിഞ്ഞെന്നു വരില്ല, എന്നാൽ ആ കുറവ് പരിഹരിക്കാനാവണം അടുത്തടുത്ത് മൂന്നുവട്ടം പാലക്കാടിന്റെ എംഎൽഎ ആയിരുന്ന ഷാഫി രാഹുലിനൊപ്പം എന്നും കൂടെയുണ്ടായിരുന്നത്.

ആളുവില വോട്ടുവില

ബിജെപിയിൽ തലയെടുപ്പുള്ളവർ സ്ഥാനാർഥികളായി വരുമ്പോഴൊക്കെ വോട്ട് വിഹിതം വലിയ തോതിൽ കൂടാറുണ്ട് എന്നാണ് മണ്ഡല ചരിത്രം പറയുന്നത്. രാജ്യത്ത് ബിജെപി ചുവടുറപ്പിച്ചു തുടങ്ങിയ ഈ കാലത്തല്ല, അതിനും നാലഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ്, 1970 ൽ, അന്നത്തെ ജനസംഘം സ്ഥാനാർഥിക്ക് 27.42 ശതമാനം വോട്ട് ഷെയറുണ്ടായിരുന്നു പാലക്കാട്ട്. ആ സ്ഥാനാർഥിയുടെ പേര് ഓലഞ്ചേരി രാജ​ഗോപാൽ അഥവാ ഒ രാജ​ഗോപാൽ. സിപിഎം സ്ഥാനാർഥി ആർ കൃഷ്ണനാണ് അന്ന് ജയിച്ചത്. എന്നിട്ടും അന്ന് സിപിഎമ്മിന് നഷ്ടമായത്, തൊട്ടു മുമ്പത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ പിടിച്ച 14 ശതമാനം വോട്ട്. ബിജെപിക്ക് കൂടിയത് 17 ശതമാനം വോട്ട്. ആ തിരഞ്ഞെടുപ്പിൽ ഒ രാജ​ഗോപാൽ നേടിയതിൽ കൂടുതൽ വോട്ടു വിഹിതം പിന്നെ ആ മുന്നണി നേടുന്നത് 2016 ൽ ശോഭാ സുരേന്ദ്രനിലൂടെയാണ്. ഇടക്ക് 2006 ൽ രാജ​ഗോപാൽ പാലക്കാട്ടെ അദ്ദേഹത്തിന്റെ നാലാമങ്കത്തിൽ നേടിയത് 24.85 ശതമാനം വോട്ടാണ്. പക്ഷേ അന്ന് സിപിഎമ്മിനേക്കാൾ നഷ്ടം സംഭവിച്ചത് കോൺ​ഗ്രസിനാണ്. എവി ​ഗോപിനാഥൻ അന്ന് കോൺ​ഗ്രസ്സുകാരനായി മത്സരിച്ചപ്പോൾ കുറഞ്ഞത് മുൻ തിരഞ്ഞെടുപ്പിനേക്കാൾ 13 ശതമാനം വോട്ടാണ്. സിപിഎമ്മിന് രണ്ടു ശതമാനവും. എന്നാൽ, ശോഭ സുരേന്ദ്രൻ മത്സരിച്ച 2016 ൽ ബിജെപിക്ക് പത്ത് ശതമാനം വോട്ട് കൂടിയപ്പോൾ എൽഡിഎഫിന് കുറഞ്ഞത് ഏഴ് ശതമാനം, കോൺ​ഗ്രസിന് 0.7 ശതമാനം. 2021 ൽ മെട്രോമാൻ മത്സരിച്ചപ്പോൾ എൽഡിഎഫിന് കുറഞ്ഞത് മൂന്ന് ശതമാനം യുഡിഎഫിനും മൂന്ന്. ചുരുക്കിപ്പറഞ്ഞാൽ എൻഡിഎക്ക് വോട്ടു വിഹിതം കൂടുമ്പോൾ പലപ്പോഴും നഷ്ടം എൽഡിഎഫിനാണ്.

പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വിഹിതം 20 ശതമാനം കടത്താൻ മൂന്ന് പേർക്കേ കഴിഞ്ഞിട്ടുള്ളൂ, ഇരുപത് കടത്തിയവർ ഒ രാജ​ഗോപാലും ശോഭാ സുരേന്ദ്രനുമാണ്, മുപ്പത് കടത്തിയ ഒരേ ഒരാൾ ഇ ശ്രീധരനാണ്. ചുരുക്കിപ്പറഞ്ഞാൽ പാലക്കാട് ബിജെപിയുടെ കാര്യമെടുത്താൽ പാർട്ടിയേക്കാൾ സ്ഥാനാർഥിക്ക് പ്രാധാന്യമേറെയുണ്ട്. മോദിപ്രഭാവത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പേ ബിജെപിക്ക് കൈകൊടുത്ത പാലക്കാട് കഴിഞ്ഞ തവണ മെട്രോമാൻ ഇ ശ്രീധരന് നൽകിയ സ്വീകാര്യത കൂടി ചേർത്തുവായിച്ചാൽ ഈ തത്വം കൂടുതൽ വ്യക്തമാകും.

2021 തിരഞ്ഞെടുപ്പിൽ, കോൺ​​ഗ്രസും ബിജെപിയും തമ്മിൽ വോട്ടുവിഹിതത്തിലുള്ള വ്യത്യാസം വെറും 2.72 ശതമാനം മാത്രമാണ്. എന്നാൽ കോൺ​​ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള വോട്ട് വിഹിതത്തിലുള്ള വ്യത്യാസം 12.42 ശതമാനവും. ആ കണക്കിന്റെ പിൻബലത്തിലാണ് ഇത്തവണ മത്സരം കോൺ​​ഗ്രസും ബിജെപിയും തമ്മിലാണെന്ന് നേതാക്കൾ പോലും തറപ്പിച്ച് പറയുന്നത്.

പത്തുപതിനെട്ട് വർഷം മുമ്പാണ് പാലക്കാട്ട് ഇടതുപക്ഷം ഒരു വലിയ മത്സരം കാഴ്ചവെച്ചത്. അന്ന് കോൺ​ഗ്രസ്സുകാരനായിരുന്ന എവി ​ഗോപിനാഥും, ഒ രാജ​ഗോപാലുമായിരുന്നു എതിർപക്ഷത്ത്. അന്ന് 1344 വോട്ടിനാണ് ഇടതുപക്ഷത്തിലെ കെ.കെ ദിവാകരൻ ജയിച്ചത്. അതിന് ശേഷം, കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളെടുത്താൽ എൽഡിഎഫ് വോട്ട് വിഹിതം കുത്തനെ കുറഞ്ഞുവരുന്നതുകാണാം. 1996 ലെ തിരഞ്ഞെടുപ്പിൽ 43.20 ശതമാനം വോട്ട് ഷെയറുണ്ടായിരുന്ന എൽഡിഎഫ് 2021 ലെത്തുമ്പോൾ 25.64 ശതമാനം വോട്ട് ഷെയറുള്ള മണ്ഡലത്തിലെ മൂന്നാം സ്ഥാനത്തുള്ള പാർട്ടിയായി മാറി. ഡോക്ടർ പി സരിൻ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയാണെങ്കിലും മത്സരിക്കുന്നത് പാർട്ടി ചി​ഹ്നത്തിലല്ല എന്നതും ശ്രദ്ധേയമാണ്. ‌

ഒരു വശത്ത് യൂത്ത് കോൺ സംസ്ഥാന പ്രസിഡന്റും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപക്ഷത്തിന് മറുപടി പറയുന്നയാളാണ്. രാഹുൽ മാങ്കൂട്ടത്തിനെ എൽഡ‍ിഎഫ് പാലക്കാട് മത്സരിപ്പിച്ചത് ഷാഫി പറമ്പിൽ എന്ന ഏതാണ്ട് അതേ ശ്രേണിയിലുള്ള കോൺ​ഗ്രസ് യുവനേതാവിന്റെ പിൻ​ഗാമിയായാണ്. എംബിബിഎസ് കഴിഞ്ഞ്, സിവിൽ സർവീസ് പരീക്ഷ ആദ്യ വട്ടം തന്നെ പാസ്സായി ഇന്ത്യൻ അക്കൗണ്ട്സ് ആന്റ് ഓഡിറ്റ് സർവീസിലെ ജോലി രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ വ്യക്തിയാണ് പി സരിൻ. വിദ്യാസമ്പന്നരായ ചെറുപ്പക്കാരൻ, നല്ല വാക്ചാതുരി. കോൺ​ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന സരിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല സിപിഎമ്മിന്.

2016 ലും മലമ്പുഴയിൽ വി.എസിനെതിരെ മത്സരിച്ച് ബി.ജെ.പിയെ രണ്ടാം സ്ഥാനത്തെത്തിച്ചയാൾ കൂടിയാണ് സി.കൃഷ്ണകുമാർ. പിന്നെ 2021 ലും കൃഷ്ണകുമാർ മത്സരിച്ചപ്പോൾ രണ്ടാമതായിരുന്നു അവിടെ ബിജെപി. ബിജെപി ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും നഗരസഭാ കൗൺസിലറും വൈസ് പ്രസിഡന്റുമായുള്ള പ്രവർത്തന മികവുണ്ട് കൃഷ്ണകുമാറിന്. പോരാത്തതിന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് മണ്ഡലത്തിൽ പാർട്ടിയെ രണ്ടാമതെത്തിച്ചുവെന്ന നേട്ടവും.

സരിന്റേയും സന്ദീപ് വാര്യരുടേയും മറുകണ്ടം ചാട്ടം മാത്രമല്ല, ട്രോളി വിവാദവും കത്തുവിവാദവും ഇരട്ട വോട്ട് വിവാദവും, പരസ്യവിവാദവും എല്ലാമായി സംഭവബഹുലമായിരുന്നു പ്രചാരണ കാലഘട്ടം. ഇവയൊക്കെ വോട്ടുപെട്ടിയിൽ എങ്ങനെ പ്രതിഫലിക്കുമെന്നറിയാൻ‌ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രണ്ടു ദിവസം കൂടി കാത്തിരുന്നാൽ മതി. എന്തൊക്കെയായാലും ആര് ജയിച്ചാലും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ചൂട് അത്ര പെട്ടെന്നൊന്നും വിട്ടുപോകില്ല. അതിനുള്ളതെല്ലാം ഈ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കക്ഷികൾ ബാക്കിവെച്ചിട്ടുണ്ട്.

In Short | The Palakkad by-election has become a heated battle among three key candidates: Rahul Mankootathil of Congress, C. Krishnakumar of BJP, and Dr. P. Sarin of LDF. Rahul, supported by former MLA Shafi Parambil, aims to maintain Congress's dominance despite BJP's growing influence. Krishnakumar, a seasoned BJP leader, builds on his recent successes in narrowing margins with Congress. Meanwhile, Dr. Sarin, a young and articulate leader, seeks to rejuvenate LDF's presence in the constituency. With a history of tight margins and shifting alliances, Palakkad is poised for a fiercely contested by-election.